‘ജി റാം ജി’ : തൊഴിലുറപ്പ് പദ്ധതി പുനഃക്രമീകരിച്ച് കേന്ദ്രം, കൂടുതൽ തൊഴിൽദിനങ്ങളും സമയബന്ധിത വേതനവും

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. ബിൽ അവതരിപ്പിക്കുന്നതിനായി എല്ലാ ബിജെപി എംപിമാർക്കും പാർലമെന്റിൽ ഹാജരാകാൻ വിപ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് ഇടയാക്കുന്ന രീതിയിൽ, പദ്ധതിക്ക് ‘വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)’ എന്ന പുതിയ പേരാണ് നിർദേശിച്ചിരിക്കുന്നത്. പദ്ധതിയുടെ ചുരുക്കപ്പേര് VB G RAM G എന്നായിരിക്കും.

2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി, പേരുമാറ്റത്തിനൊപ്പം പദ്ധതിയെ പുനഃസംഘടിപ്പിക്കാനും കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നു. 2005ൽ യുപിഎ സർക്കാർ ആരംഭിച്ച എംജിഎൻആർഇജിഎ വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്നതിലൂടെ ഗ്രാമീണ മേഖലയ്ക്കും സാധാരണ കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ആശ്വാസമായിരുന്നു.

തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തും

പുതിയ പേരിൽ പുനഃക്രമീകരിക്കുന്ന പദ്ധതിയിൽ തൊഴിൽദിനങ്ങളുടെ പരിധി 100ൽ നിന്ന് 125 ആയി ഉയർത്താനാണ് നിർദേശം. ജോലി പൂർത്തിയായതിന് ശേഷം 7 ദിവസത്തിനകം, പരമാവധി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം എന്നതും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കാലപരിധിക്കുള്ളിൽ വേതനം നൽകാൻ കഴിയാത്ത പക്ഷം, പ്രത്യേക തൊഴിലില്ലായ്മ അലവൻസ് നൽകാനുള്ള വ്യവസ്ഥയും നിർദേശിക്കുന്നുണ്ട്.

സംസ്ഥാനങ്ങളുടെ ആവശ്യത്തിന് അംഗീകാരം

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തൊഴിൽദിനങ്ങളുടെ പരിധി 100ൽ നിന്ന് ഉയർത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവിൽ 100 ദിവസത്തിന് മുകളിൽ തൊഴിൽ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയുണ്ടെങ്കിലും, അതിനാവശ്യമായ അധിക ചെലവ് സംസ്ഥാനങ്ങൾ തന്നെയാണ് വഹിച്ചിരുന്നത്. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം 100ൽ അധികം തൊഴിൽദിനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

ഫണ്ടിങ് ഘടനയിൽ മാറ്റം

നിലവിൽ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവിൽ 90 ശതമാനം കേന്ദ്രവും 10 ശതമാനം സംസ്ഥാനങ്ങളും വഹിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ ബിൽ പ്രകാരം ഇത് 60:40 എന്ന അനുപാതത്തിലേക്ക് മാറാനാണ് സാധ്യത. ഇതോടെ 40 ശതമാനം ചെലവ് സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരും. പുതിയ വ്യവസ്ഥ സംസ്ഥാനങ്ങളുടെ സാമ്പത്തികഭാരം വർധിപ്പിക്കുമെന്നതിനാൽ പ്രതിഷേധങ്ങൾക്ക് ഇടയാകാൻ സാധ്യതയുണ്ട്. എന്നാൽ, നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിൽ പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്രസർക്കാർ തന്നെ വഹിക്കും.