ജിഎസ്ടി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; ജൂണിൽ 11% വളർച്ച, രാജ്യത്ത് 13 മാസത്തെ റെക്കോർഡ് സമാഹരണം

ജൂൺ മാസത്തിലെ ജിഎസ്ടി സമാഹരണത്തിൽ കേരളത്തിന് മികച്ച നേട്ടം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് കേരളം രേഖപ്പെടുത്തിയത്. 11 ശതമാനം വളർച്ചയോടെ കേരളം ഒന്നാം സ്ഥാനത്തെത്തി. തെലങ്കാനയും 11 ശതമാനം വളർച്ച നേടി കേരളത്തിനൊപ്പമുണ്ട്. കർണാടകയിൽ 10 ശതമാനവും ആന്ധ്രാപ്രദേശിൽ 5 ശതമാനവും വളർച്ച രേഖപ്പെടുത്തിയപ്പോൾ തമിഴ്നാട്ടിൽ 2 ശതമാനം ഇടിവാണ് ഉണ്ടായത്.

കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2025 ജൂണിൽ കേരളത്തിൽ നിന്ന് 2,850 കോടി രൂപയായിരുന്ന ജിഎസ്ടി സമാഹരണം ഇത്തവണ 11 ശതമാനം ഉയർന്ന് 3,159 കോടി രൂപയായി. സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ കേരളത്തിനുള്ള വിഹിതവും ഉൾപ്പെടുന്ന ആകെ പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി വരുമാനം 3,090 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 8 ശതമാനം കൂടുതലാണ്.നടപ്പുസാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കേരളത്തിന്റെ പോസ്റ്റ് സെറ്റിൽമെന്റ് ജിഎസ്ടി വരുമാനം 24 ശതമാനം വർധിച്ച് 9,703 കോടി രൂപയിലെത്തി.

രാജ്യത്ത് 13 മാസത്തെ ഉയർന്ന ജിഎസ്ടി സമാഹരണം

ദേശീയ തലത്തിൽ ജൂൺ മാസത്തിലെ മൊത്തം ജിഎസ്ടി സമാഹരണം 1.94 ലക്ഷം കോടി രൂപയായി. കഴിഞ്ഞ 13 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ സമാഹരണമാണിത്. 2025 ജൂണിൽ 1.71 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ഇത്തവണ 13.9 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.
സാമ്പത്തിക പ്രവർത്തനങ്ങൾ രാജ്യത്ത് ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ജിഎസ്ടി വരുമാനത്തിലെ ഈ വർധനയെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

സമാഹരണത്തിന്റെ വിശദാംശങ്ങൾ

ജൂൺ മാസത്തിൽ കേന്ദ്ര ജിഎസ്ടി (CGST) ഇനത്തിൽ 37,376 കോടി രൂപയും സംസ്ഥാന ജിഎസ്ടി (SGST) ഇനത്തിൽ 45,116 കോടി രൂപയും സംയോജിത ജിഎസ്ടി (IGST) ഇനത്തിൽ 1.12 ലക്ഷം കോടി രൂപയും സമാഹരിച്ചു.

ഇറക്കുമതിയുമായി ബന്ധപ്പെട്ട ഐജിഎസ്ടി വരുമാനമാണ് ഇത്തവണത്തെ ജിഎസ്ടി വളർച്ചയ്ക്ക് പ്രധാന കരുത്തായത്. ഈ വിഭാഗത്തിലെ സമാഹരണം 34.6 ശതമാനം ഉയർന്ന് 60,038 കോടി രൂപയായി.