ജപ്പാൻ പിന്നിലായി; ലോക സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ നാലാം സ്ഥാനത്ത്

ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ചരിത്രപരമായ കുതിപ്പ് നടത്തി ഇന്ത്യ. ജപ്പാനെ പിന്തള്ളി ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ ഉയർന്നതായി കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. 4.18 ട്രില്യൺ ഡോളർ (4.18 ലക്ഷം കോടി ഡോളർ) ജിഡിപി മൂല്യത്തോടെയാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. അടുത്ത രണ്ടര മുതൽ മൂന്ന് വർഷത്തിനുള്ളിൽ ജർമനിയെയും മറികടക്കാനാകും എന്നും റിപ്പോർട്ട് പ്രവചിക്കുന്നു. 2030ഓടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വലുപ്പം 7.3 ട്രില്യൺ ഡോളറിലെത്തുമെന്നതാണ് കണക്കുകൂട്ടൽ.

അതേസമയം, രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) പുറത്തിറക്കുന്ന ഔദ്യോഗിക കണക്കുകൾ വന്ന ശേഷമേ ഇന്ത്യയുടെ നാലാം സ്ഥാന നേട്ടം പൂർണമായി സ്ഥിരീകരിക്കാനാകൂ. എന്നിരുന്നാലും കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഇന്ത്യയുടെ വളർച്ചാ പാത ഈ നേട്ടത്തിന് ശക്തമായ അടിത്തറ ഒരുക്കിയിട്ടുണ്ട്.2015ൽ 2.1 ട്രില്യൺ ഡോളറായിരുന്ന ഇന്ത്യയുടെ ജിഡിപി, 2019ൽ 2.8 ട്രില്യൺ ഡോളറായി ഉയർന്നു. കോവിഡ് മഹാമാരി ആഞ്ഞടിച്ച 2020ൽ അത് 2.6 ട്രില്യൺ ഡോളറിലേക്കു താഴ്ന്നെങ്കിലും, അതിവേഗ പുനരുജ്ജീവനമാണ് പിന്നീട് രാജ്യം നടത്തിയത്. 2021ൽ 3.1 ട്രില്യൺ ഡോളറിലേക്കും 2024ൽ 3.9 ട്രില്യൺ ഡോളറിലേക്കും വളർന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥ, 2025ൽ 4 ട്രില്യൺ ഡോളറെന്ന നിർണായക അതിരും കടന്നു.

വിദഗ്ധ വിലയിരുത്തലുകൾ പ്രകാരം 2028ഓടെ ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ എന്ന വലിയ നാഴികക്കല്ല് കൈവരിക്കും. ഐഎംഎഫിന്റെ മുൻ റിപ്പോർട്ടുകൾ അനുസരിച്ച് 2026ൽ ഇന്ത്യയുടെ ജിഡിപി 4.51 ട്രില്യൺ ഡോളറിലും ജപ്പാന്റേത് 4.46 ട്രില്യൺ ഡോളറിലും എത്തുമെന്നായിരുന്നു പ്രവചനം. 2022ൽ യുകെയെ പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. നിലവിൽ ഏകദേശം 30 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയുമായി യുഎസ് ഒന്നാമതും, 19.23 ട്രില്യൺ ഡോളറുമായി ചൈന രണ്ടാമതുമാണ്.

വളർച്ചയുടെ വേഗതയിലും ഇന്ത്യ മുന്നിലാണ്. 2025–26 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദമായ ജൂലൈ–സെപ്റ്റംബറിൽ 8.2 ശതമാനം ജിഡിപി വളർച്ച കൈവരിച്ച ഇന്ത്യ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥ (Fastest Growing Major Economy) എന്ന പദവി നിലനിർത്തി. നടപ്പുവർഷം ഇന്ത്യ പ്രതീക്ഷിക്കുന്ന ആകെ വളർച്ച 7.3 ശതമാനമാണ്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവയുടെ ആഘാതം നിലനിൽക്കേയാണ് ഇന്ത്യ ഈ വലിയ ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. ജിഎസ്ടി 2.0 വഴി ലഭിച്ച ഇളവുകൾ, നിയന്ത്രിതമായ ക്രൂഡ് ഓയിൽ വില, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ മൂലധന ചെലവിലുണ്ടായ വർധന, കുറഞ്ഞ പണപ്പെരുപ്പം, പലിശനിരക്കുകളിലെ ഇളവ് തുടങ്ങിയ അനുകൂല ഘടകങ്ങളാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് ഊർജം പകരുന്നത്.ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥ, ഇനി ജർമനിയെന്ന അടുത്ത ലക്ഷ്യത്തിലേക്കാണ് കണ്ണോടിക്കുന്നത്.