കേരളത്തിന്റെ കടം 4.29 ലക്ഷം കോടിയാകും; കടഭാര പട്ടികയിൽ പത്താം സ്ഥാനത്തേക്ക്

ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ ആകെ കടം 4.29 ലക്ഷം കോടി രൂപയാകുമെന്നും ഇത് അപകടകരമായ കടഭാരപ്പട്ടികയിൽ‌ കേരളത്തെ രാജ്യത്ത് പത്താം സ്ഥാനത്ത് എത്തിക്കുമെന്നും റിസർ‌വ് ബാങ്കിന്റെ കണക്കുകൾ.ആകെ കടത്തിൽ ഒൻപതാം സ്ഥാനത്താണു കേരളമെന്നും സംസ്ഥാനങ്ങളുടെ ബജറ്റിനെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ വാർഷിക പഠന റിപ്പോർട്ടിൽ‌ പറയുന്നു.

സംസ്ഥാനത്തിന്റെ ആകെ കടം ഭദ്രമായ നിലയിലാണോ എന്നു വിലയിരുത്തുന്നത് കടം സംസ്ഥാന മൊത്ത ആഭ്യന്തര വരുമാനത്തിന്റെ (ജിഎസ്ഡിപി) നിശ്ചിത ശതമാനം കടന്നോ എന്നു നോക്കിയാണ്. കേരളത്തിന്റെ കടം ജിഎസ്ഡിപിയുടെ 36.5 ശതമാനമായി ഉയരുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.

രാജ്യത്ത് ഏറ്റവും കടമുള്ള സംസ്ഥാനം തമിഴ്നാടാണ്: 8.34 ലക്ഷം കോടി. എന്നാൽ, ഇത് ജിഎസ്ഡിപിയുടെ 31 ശതമാനം മാത്രമാണ്. കടത്തിൽ രണ്ടാം സ്ഥാനത്തുള്ള യുപിയും (28.6%) മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയും (18.6%) ജിഎസ്ഡിപി അനുപാതക്കണക്കിൽ കേരളത്തെക്കാൾ ഏറെ മെച്ചപ്പെട്ട നിലയിലാണ്.ആകെ 21,654 കോടി രൂപ മാത്രമേ കടമുള്ളൂവെങ്കിലും രാജ്യത്ത് കടഭാരത്തിൽ ഏറ്റവും അപകടകരമായ അവസ്ഥിയിലുള്ള സംസ്ഥാനം അരുണാചലാണ്. ജിഎസ്ഡിപിയുടെ 50.4 ശതമാനമാണ് ഇൗ സംസ്ഥാനം കടംവാങ്ങിക്കൂട്ടിയത്.

എന്നാൽ, സംസ്ഥാനത്തിന്റെ കടപരിധി കേന്ദ്രം വെട്ടിക്കുറച്ചതിനാൽ അവസാന കണക്കുകൾ വരുമ്പോൾ കേരളത്തിന്റെ കടഭാരം ബജറ്റിൽ പ്രഖ്യാപിച്ചതിനെക്കാൾ ഏറെ താഴ്ന്നു നിൽക്കുമെന്നാണു സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.