കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസ് ഒരു ലക്ഷം കോടി രൂപ കടന്നു

കേരള സർക്കാറിന്റെ കീഴിലുള്ള സ്ഥാപനമായ കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസ് ആദ്യമായി 1 ലക്ഷം കോടി രൂപ കടന്നതായി ചെയർമാൻ കെ. വരദരാജൻ അറിയിച്ചു. ഡിസംബറിൽ കൈവരിക്കാനുദ്ദേശിച്ചിരുന്ന ലക്ഷ്യം തന്നെ ജൂലൈ 31ന് തന്നെ നേടാനായെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 13ന് മുഖ്യമന്ത്രി നിർവഹിക്കും.

ചിട്ടി ബിസിനസിനൊപ്പം സ്വർണവായ്പ, ഭവനവായ്പ, വ്യക്തിഗത വായ്പ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ വിപുലീകരിച്ചതാണ് ഈ നേട്ടത്തിന് കാരണമായത്. സ്വർണപ്പണയ വായ്പയുടെ മൊത്തം തുക 10,000 കോടി രൂപ കടന്നിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കായി ഭവനവായ്പയും സജീവമായി നൽകിവരുന്നു. കെഎസ്എഫ്ഇയുടെ 683 ശാഖകളിലൂടെയാണ് മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്.ചിട്ടി, ഭവനവായ്പ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ജനറൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കാനുള്ള പദ്ധതിയും നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി സ്വന്തമായി ഇൻഷുറൻസ് കമ്പനി ആരംഭിക്കുകയോ നിലവിലുള്ള കമ്പനികളുമായി സഹകരിക്കുകയോ ചെയ്യും.

എല്ലാ പഞ്ചായത്തിലും ശാഖ:-ഇപ്പോൾ 9000ത്തോളം ജീവനക്കാരാണ് കെഎസ്എഫ്ഇയിൽ ജോലി ചെയ്യുന്നത്. പിഎസ്എസി വഴി 2200 പേരെ കൂടി നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 40 ശതമാനം ചിട്ടികളും ജീവനക്കാരുടെ മുഖാന്തിരമാണ് കാൻവാസ് ചെയ്യുന്നത്. അവരെ സഹായിക്കാൻ 300ലധികം ബിസിനസ് പ്രമോട്ടർമാരെ നിയമിച്ചിരിക്കുകയാണ്. എല്ലാ പഞ്ചായത്തിലും ഒരു ശാഖ സ്ഥാപിക്കുക എന്നതാണ് കെഎസ്എഫ്ഇയുടെ ദീർഘകാല ലക്ഷ്യം.

പ്രവാസികൾക്കും ചിട്ടി:-പ്രവാസികൾക്കിടയിൽ ചിട്ടി കൂടുതൽ ജനകീയമാക്കാൻ വിദേശ രാജ്യങ്ങളിലും ഏജന്റുമാരെ നിയമിക്കാനൊരുങ്ങുകയാണ് കെഎസ്എഫ്ഇ. ഓൺലൈനായി ചിട്ടിയിൽ അംഗമാകാനും ലേലങ്ങളിൽ പങ്കെടുക്കാനും സൗകര്യമൊരുക്കും. തിരുവനന്തപുരം ഡിജിറ്റൽ ബിസിനസ് സെന്ററിലൂടെ പ്രവാസികൾക്ക് എല്ലാ വിവരങ്ങളും ലഭ്യമാക്കും.

അതിഥി തൊഴിലാളികൾക്കും അവസരം

കേരളത്തിലെ അതിഥി തൊഴിലാളികൾക്കും ചിട്ടിയിൽ നിക്ഷേപിക്കാനുള്ള അവസരം ഒരുക്കും. അവർക്ക് ചിട്ടി പിടിച്ച് ഇവിടെ നിക്ഷേപിക്കാനും, വട്ടം എത്തുമ്പോൾ തുക ലഭ്യമാക്കാനും സൗകര്യമുണ്ടാകും. ചെറുകിട ബിസിനസുകാരെ ലക്ഷ്യമിട്ട് പ്രതിദിന-പ്രതിവാര കലക്ഷൻ ചിട്ടി അവതരിപ്പിക്കാനുള്ള പദ്ധതിയും നടപ്പിലാക്കും.