കേരളത്തിൽ പഴയ വാഹനങ്ങൾ നിയമാനുസൃതമായി പൊളിക്കുന്നതിനുള്ള മൂന്ന് വാഹന സ്ക്രാപ്പിങ് കേന്ദ്രങ്ങൾ ഓണത്തോടെ പ്രവർത്തനം ആരംഭിക്കും. ചേർത്തലയിലും കണ്ണൂരിലെ അഴീക്കലിലും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്) കേന്ദ്രങ്ങളിലും മലപ്പുറം എടപ്പാളിലെ കെ.എസ്.ആർ.ടി.സി–സൗത്ത് ഇന്ത്യ മെറ്റൽ കോർപറേഷൻ (സിംകോ) സംയുക്ത കേന്ദ്രത്തിലുമാണ് പ്ലാന്റുകൾ സജ്ജമായിരിക്കുന്നത്.മാസങ്ങൾക്കുമുമ്പ് തന്നെ വാഹനങ്ങൾ സ്വീകരിച്ചു തുടങ്ങിയ ഈ കേന്ദ്രങ്ങളിലേക്ക് ഇതിനോടകം മുന്നൂറിലധികം വാഹനങ്ങൾ എത്തിയിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടനം ഓണത്തോടനുബന്ധിച്ച് നടത്താനാണ് ലക്ഷ്യമിടുന്നത്. ഓരോ പ്ലാന്റിലും പ്രതിദിനം പരമാവധി 28 വാഹനങ്ങൾ വരെ ശാസ്ത്രീയമായി പൊളിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
വാഹനം സ്ക്രാപ്പ് ചെയ്യാൻ എങ്ങനെ അപേക്ഷിക്കാം?
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ vscrap.parivahan.gov.in പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, നികുതി അടച്ച രേഖകൾ എന്നിവ സഹിതം വാഹനം അംഗീകൃത സ്ക്രാപ്പിങ് കേന്ദ്രത്തിൽ എത്തിക്കേണ്ടതാണ്.വാഹനത്തിന്റെ ഭാരം വിലയിരുത്തി അതിന്റെ മൂല്യം ഉടമയ്ക്ക് നൽകും. ഇതോടൊപ്പം സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ് (COD) എന്ന രേഖയും ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ റോഡ് നികുതിയിൽ 15 ശതമാനം വരെ ഇളവ് ലഭിക്കും. ചില സാഹചര്യങ്ങളിൽ രജിസ്ട്രേഷൻ ഫീസിലും ഇളവ് ലഭിക്കാം.സി.ഒ.ഡി മറ്റൊരാൾക്ക് കൈമാറാനും സാധിക്കും. എന്നാൽ അത് ഒരു വർഷത്തിനകം ഉപയോഗിക്കേണ്ടതാണ്. വാഹനം പൊളിച്ചശേഷം ലഭിക്കുന്ന സ്ക്രാപ്പിങ് സർട്ടിഫിക്കറ്റ് ഹാജരാക്കി ആർ.ടി. ഓഫീസിലൂടെ വാഹനത്തിന്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കണം.
കേന്ദ്ര സർക്കാരിന്റെ വാഹന സ്ക്രാപ്പിങ് നയത്തിന്റെ ഭാഗം
കേന്ദ്ര സർക്കാരിന്റെ വാഹന സ്ക്രാപ്പിങ് നയത്തിന്റെ ഭാഗമായി രജിസ്റ്റേഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി (RVSF) കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നത്. പഴയ വാഹനങ്ങൾ പരിസ്ഥിതി സൗഹൃദ രീതിയിൽ പൊളിച്ച് ലോഹങ്ങളും മറ്റ് ഉപയോഗപ്രദമായ ഭാഗങ്ങളും പുനരുപയോഗത്തിനായി വേർതിരിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വാഹനങ്ങൾ സ്വീകരിക്കുന്ന പ്രത്യേക ശേഖരണ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സാധ്യതയും സർക്കാർ പരിഗണിക്കുന്നുണ്ട്.

