ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകുന്നു. ഒരൊറ്റ ടൂറിസ്റ്റ് വീസയിൽ നിരവധി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ (GCC Grand Tours) അടുത്തമാസം യുഎഇയും ബഹ്റൈനും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ഈ രണ്ടുരാജ്യങ്ങളിലുമുള്ള ആദ്യഘട്ട പരീക്ഷണം വിജയകരമായാൽ മറ്റു ഗൾഫ് രാഷ്ട്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
ഈ ഏകീകൃത വീസയിലൂടെ യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങൾ ഒരൊറ്റ വിസ ഉപയോഗിച്ച് സന്ദർശിക്കാനാകും. കുവൈത്ത് സിറ്റിയിൽ നടന്ന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയാണ് പുതിയ വീസ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗൾഫ് സഹകരണ കൗൺസിൽ ഇതിനകം തന്നെ പദ്ധതി അംഗീകരിച്ചിരുന്നു.
പദ്ധതി പൂർണമായി നടപ്പാകുമ്പോൾ ഗൾഫ് മേഖലയിലെ വിനോദസഞ്ചാര പ്രവാഹം ഗണ്യമായി ഉയരുകയും, അതിനൊപ്പം വ്യാപാരം, വാണിജ്യം, നിക്ഷേപം തുടങ്ങിയ സാമ്പത്തിക മേഖലകൾക്കും വൻ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
