എൽപിജിക്ക് 300 രൂപ സബ്സിഡി തുടരുന്നു;12,000 കോടി രൂപയുടെ മന്ത്രിസഭാനുമതി

പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന എൽപിജി സബ്സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

2025–26 സാമ്പത്തിക വർഷത്തിനായി, ഓരോ 14.2 കിലോഗ്രാം സിലിണ്ടറിനും 300 രൂപയുടെ സബ്സിഡിയാണ് അനുവദിക്കുന്നത്. പ്രതിവർഷം 9 സിലിണ്ടറുകൾ വരെ ഈ ആനുകൂല്യം ലഭിക്കും. ഇതിന് മൊത്തം 12,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്.2016 മെയ് മാസത്തിലാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് നിക്ഷേപ രഹിത എൽപിജി കണക്ഷൻ നൽകുന്ന ഉദ്ദേശത്തോടെ പ്രധാനമന്ത്രി ഉജ്ജ്വല യോജന ആരംഭിച്ചത്. 2025 ജൂലൈയിലെ കണക്ക് പ്രകാരം, രാജ്യത്ത് ഏകദേശം 10.33 കോടി പിഎംയുവൈ കണക്ഷനുകൾ നിലവിലുണ്ട്.

പിഎംയുവൈ പദ്ധതിയുടെ ഭാഗമായ എല്ലാ ഗുണഭോക്താക്കൾക്കും ഡെപ്പോസിറ്റ് ഫ്രീ എൽപിജി കണക്ഷൻ ലഭിക്കുന്നു. ഇതിൽ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, പ്രഷർ റെഗുലേറ്റർ, സുരക്ഷാ ഹോസ്, ഗ്യാസ് കൺസ്യൂമർ കാർഡ് ബുക്ക്ലെറ്റ്, ഇൻസ്റ്റാളേഷൻ ചാർജ് തുടങ്ങിയവ ഉൾപ്പെടുന്നു. ഉജ്ജ്വല യോജനയുടെ രണ്ടാം ഘട്ടമായ 2.0 പ്രകാരം, ആദ്യ സിലിണ്ടറും സ്റ്റൗവും സൗജന്യമായാണ് വിതരണം ചെയ്യുന്നത് – ഉപഭോക്താക്കളിൽ നിന്ന് ഇതിന് യാതൊരു തുകയും ഈടാക്കുന്നില്ല.

ഇതിനൊപ്പം, ആഗോളതലത്തിൽ എൽപിജിയുടെ വിലയിൽ ഉണ്ടാകുന്ന വർധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും, കണക്ഷൻ താങ്ങാനാവുന്നതായാക്കി എൽപിജി ഉപഭോഗം സ്ഥിരതയോടെ തുടരാനും സർക്കാർ ശ്രമിക്കുന്നു. 2022-ൽ പ്രതിവർഷം 12 സിലിണ്ടറുകൾ അനുവദിക്കുകയും, ഓരോ സിലിണ്ടറിനും 200 രൂപ സബ്സിഡി നൽകുകയും ചെയ്തിരുന്നു. 2023-ൽ ഇത് 300 രൂപയായി വർദ്ധിപ്പിക്കുകയുമായിരുന്നു.