എക്സ്, ചാറ്റ്ജിപിടി, ഗൂഗിൾ ക്ലൗഡ് ഉൾപ്പെടെ നിരവധി സേവനങ്ങൾ നിലച്ചതിന് പിന്നിൽ ക്ലൗഡ്ഫ്ലെയർ തകരാർ

വെബ്‌സൈറ്റുകൾക്ക് സുരക്ഷയും അടിസ്ഥാന സാങ്കേതിക സഹായവും നൽകുന്ന പ്രമുഖ വെബ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ ക്ലൗഡ്ഫ്ലെയറിൽ ഉണ്ടായ നെറ്റ്‌വർക്ക് തകരാർ ആഗോളതലത്തിൽ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചു. എക്സ്, ചാറ്റ്ജിപിടി, പെർപ്ലക്സിറ്റി എ.ഐ., ഗൂഗിൾ ക്ലൗഡ്, ക്യാൻവ തുടങ്ങിയ പ്രചാരമുള്ള പ്ലാറ്റ്‌ഫോമുകൾ മണിക്കൂറുകളോളം പ്രവർത്തനരഹിതമായി. ലീഗ് ഓഫ് ലെജൻഡ്സ്, വാലറന്റ് തുടങ്ങിയ പ്രമുഖ ഗെയിമിംഗ് സേവനങ്ങളും തടസ്സം നേരിട്ടു.

ലോകത്തെ മൊത്തം ഇന്റർനെറ്റ് ട്രാഫിക്കിന്റെ വലിയ പങ്ക് കൈകാര്യം ചെയ്യുന്ന ക്ലൗഡ്ഫ്ലെയർ പ്രശ്നം സ്ഥിരീകരിക്കുകയും ചെയ്തു. അസാധാരണമായി വർധിച്ച ട്രാഫിക് നെറ്റ്‌വർക്കിൽ തകരാർ സൃഷ്ടിച്ചതാണെന്ന് കമ്പനി അറിയിച്ചു. പ്രശ്നപരിഹാരത്തിനായി സാങ്കേതിക ടീമുകൾ അടിയന്തരമായി പ്രവർത്തിക്കുന്നുവെന്നും ക്ലൗഡ്ഫ്ലെയർ വിശദീകരിച്ചു.