എക്‌സ്‌യുവി 700ന് തീപിടിച്ച സംഭവം,തങ്ങളുടെ തെറ്റല്ലെന്ന് മഹീന്ദ്ര

മഹീന്ദ്രയില്‍ നിന്നുള്ള ഏറ്റവും ഫീച്ചര്‍ സമ്പന്നമായ എസ്‌യുവികളിൽ ഒന്നാണ് XUV700 . മാത്രമല്ല ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഉൽപ്പന്നങ്ങളിലൊന്നാണെന്ന് തെളിയിക്കുന്ന വളരെ നീണ്ട കാത്തിരിപ്പ് കാലയളവമുണ്ട് ഈ മോഡലിന്.

ജയ്‍പൂർ ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന XUV 700 ന് പെട്ടെന്ന് തീപിടിച്ച സംഭവമാണ് വാഹനത്തിന്‍റെ കീര്‍ത്തിക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തിയത്. ഉടമ കുൽദീപ് സിംഗ് 2023 മെയ് 21 ന്, തന്റെ കാറിന്റെ ചിത്രങ്ങളും വീഡിയോകളും സഹിതം ട്വീറ്റ് ചെയ്‍തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ജയ്പൂർ ദേശീയ പാതയിൽ സഞ്ചരിക്കുന്നതിനിടെ തന്‍റെ കാർ കത്തിനശിക്കുകയായിരുന്നവെന്ന് ഉടമ പറയുന്നു. തന്‍റെ കാര്‍ അമിതമായി ചൂടായില്ലെന്ന് ഉടമ അവകാശപ്പെട്ടു. കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ എഞ്ചിൻ ബാറ്റിൽ നിന്ന് കുറച്ച് പുക ഉയരാൻ തുടങ്ങിയെന്നും ഒടുവിൽ  തീപിടിച്ചെന്നും ആറുമാസം മുമ്പ് വാങ്ങിയ വാഹനമാണിതെന്നും ഉടമ പറയുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും കുൽദീപ് സിംഗ് പറഞ്ഞു. 

ഇപ്പോള്‍ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്പനിയുടെ ഫീൽഡ് സർവീസ് ടീം ഉടമയെ സമീപിച്ചെന്നും അന്വേഷണം നടത്തിയെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്‍ത ഔദ്യോഗിക പ്രസ്‍താവനയിൽ മഹീന്ദ്ര പറയുന്നു. ഇക്കാര്യം വിശദമായി അന്വേഷിച്ചതായും, ആഫ്റ്റർ മാർക്കറ്റ് ഇലക്ട്രിക്കൽ ആക്‌സസറികൾ സ്ഥാപിക്കുന്നതിനായിഈ എസ്‌യുവിയുടെ യഥാർത്ഥ വയറിംഗിൽ കൃത്രിമം നടന്നതായി കണ്ടെത്തിയതായും മഹീന്ദ്ര പറയുന്നു.  പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് ഫാക്ടറിയിൽ ഘടിപ്പിച്ച/ഒറിജിനൽ വയറിംഗിൽ കൃത്രിമം കാണിക്കുകയും ആഫ്റ്റര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ഇലക്ട്രിക്കൽ ആക്‌സസറികൾ ഘടിപ്പിച്ചിരുന്നെന്നും അത് കാരണം വയറിങ്ങിൽ തകരാറുണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നും വാഹന നിർമാതാക്കൾ പറഞ്ഞു. തങ്ങളുടെ എസ്‌യുവികൾ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അംഗീകൃതമല്ലാത്ത സ്രോതസ്സുകളിൽ നിന്ന് വാഹനങ്ങൾ പരിഷ്‌ക്കരിക്കരുതെന്നും ഇലക്ട്രിക്കൽ സർക്യൂട്ടുകളിൽ ബാഹ്യ ലോഡുകൾ ഇടരുതെന്നും ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വ്യക്തമാക്കി.

അതേസമയം ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ ഇൻസ്റ്റാൾ ചെയ്യുക എന്നത് ഇന്ത്യൻ കാർ ഉടമകള്‍ക്കിടയിൽ ഒരു സാധാരണ രീതിയാണ്. ഇലക്ട്രിക്കൽ മുതൽ സ്റ്റൈലിംഗ് വരെ, വാഹന ഉടമകൾ വാങ്ങൽ ചെലവ് കുറയ്ക്കുന്നതിന് വില കുറഞ്ഞ ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ വാങ്ങി തങ്ങളുടെ കാറുകളില്‍ സ്ഥാപിക്കാറുണ്ട്. ഇത്തരം അനധികൃത പരിഷ്‍കരണങ്ങള്‍ പലപ്പോഴും വാഹന നിര്‍മ്മാതാക്കള്‍ ഘടിപ്പിച്ച ഇലക്ട്രിക്കൽ വയറിംഗിനെ ബാധിക്കും. ഇത് വാഹനത്തിന്‍റെ വാറന്റി അസാധുവാക്കുക മാത്രമല്ല, തീപിടുത്തം ഉള്‍പ്പെടെയുള്ള അപകടസാധ്യത കൂട്ടുകയും ചെയ്യുന്നു.