എഐ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും; കേരള-യുഎസ് കമ്പനികളുടെ പങ്കാളിത്തം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് ഉപയോഗിക്കുന്ന അത്യാധുനിക ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും. ഇതിനായി നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് നിർമാണ സ്ഥാപനമായ എസ്എഫ്ഒ ടെക്നോളജീസും അമേരിക്കൻ കമ്പനിയായ സ്മാർട്ട് ഐഒപിഎസും കൈകോർക്കുന്നു.സ്മാർട്ട് ഐഒപിഎസിന്റെ ‘ട്രൂ റാന്റം’ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അതിവേഗ സോളിഡ്-സ്റ്റേറ്റ് ഡ്രൈവുകളാണ് കൊച്ചിയിലെ നിർമാണ കേന്ദ്രത്തിൽ ഉൽപാദിപ്പിക്കുക. എഐ അധിഷ്ഠിത സിസ്റ്റങ്ങൾ, ഡാറ്റാ സെന്ററുകൾ, സൂപ്പർ കംപ്യൂട്ടറുകൾ തുടങ്ങിയവയിൽ ഇത്തരം സ്റ്റോറേജ് ഉപകരണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

എഐ ഹാർഡ്‌വെയർ നിർമാണത്തിലേക്ക് കേരളം

സാധാരണ ഇലക്ട്രോണിക്സ് ഘടകങ്ങൾ അസംബിൾ ചെയ്യുന്ന രീതിയിൽ നിന്ന് മാറി സങ്കീർണമായ എഐ ഹാർഡ്‌വെയറുകൾ നേരിട്ട് നിർമിക്കുന്ന ഘട്ടത്തിലേക്ക് കേരളത്തിലെ ടെക്നോളജി മേഖല വളരുന്നതിന്റെ സൂചനയാണ് ഈ പങ്കാളിത്തം.ഉയർന്ന കൃത്യതയും പ്രത്യേക താപനിയന്ത്രണ സംവിധാനങ്ങളും ആവശ്യമായ ഇത്തരം ഉപകരണങ്ങളുടെ നിർമാണം കൊച്ചിയിൽ ആരംഭിക്കുന്നത് സംസ്ഥാനത്തെ ഇലക്ട്രോണിക്സ് വ്യവസായത്തിന് വലിയ മുന്നേറ്റമാകുമെന്നാണ് വിലയിരുത്തൽ.കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് ഈ പങ്കാളിത്തം കരുത്തുപകരുമെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ. ജഹാംഗീർ പറഞ്ഞു. എഐ ഹാർഡ്‌വെയർ നിർമാണത്തിൽ ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കും ഇത് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള നിലവാരത്തിലുള്ള നിർമാണം

ലോകോത്തര നിലവാരത്തിലുള്ള എഐ ഉപകരണങ്ങൾ നിർമിക്കാനുള്ള സാങ്കേതിക ശേഷി കൊച്ചിക്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് സ്മാർട്ട് ഐഒപിഎസ് സഹസ്ഥാപകൻ രാധാകൃഷ്ണൻ നായർ പറഞ്ഞു.
എഐയുടെ ഉപയോഗം വിവിധ മേഖലകളിൽ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഉയർന്ന പ്രകടനശേഷിയുള്ള ഡാറ്റാ സ്റ്റോറേജ് സംവിധാനങ്ങളുടെ ആവശ്യകതയും വർധിക്കുകയാണ്. ഈ സാധ്യത പ്രയോജനപ്പെടുത്തി കൊച്ചിയെ എഐ ഹാർഡ്‌വെയർ നിർമാണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിനുള്ള അവസരമാണ് പുതിയ പങ്കാളിത്തം തുറക്കുന്നത്.