ഈടില്ലാ വായ്പകളുടെ വൻ വർധന; റിസ്ക് വെയ്റ്റേജ് വ്യവസ്ഥ റിസർവ് ബാങ്ക് കടുപ്പിക്കുന്നു.

ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയുണ്ടാകുമ്പോൾ ബാങ്കുകൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുന്നത് ഈടില്ലാത്ത ഇത്തരം വായ്പകളാണ്.ഓരോ തരം വായ്പയും നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത മൂലധനം നീക്കിവയ്ക്കണമെന്നാണ് ആർബിഐയുടെ വ്യവസ്ഥ. ഇത്തരം വായ്പകളുടെ ലഭ്യത കുറയ്ക്കുന്നതിനായി അവയുടെ മൂലധന പര്യാപ്തതാ തോത് വർധിപ്പിക്കുകയാണ് ആർബിഐ കഴിഞ്ഞ ദിവസം ചെയ്തത്. സാമ്പത്തിക സുസ്ഥിരതയ്ക്ക് ഈടുള്ള വായ്പകളും ഈടില്ലാത്ത വായ്പകളും തമ്മിൽ ആരോഗ്യകരമായ അനുപാതം ആവശ്യമാണ്.

രാജ്യമാകെ, ഈടില്ലാത്ത വ്യക്തിഗത വായ്പകളിലുണ്ടായത് 23% വർധന, ക്രെഡിറ്റ് കാർഡ് വായ്പകളിൽ 30ശതമാനവും– മൂലധന പര്യാപ്തത (റിസ്ക് വെയ്റ്റേജ്) വ്യവസ്ഥ റിസർവ് ബാങ്ക് കടുപ്പിക്കുന്നതിനുള്ള പ്രധാന കാരണം ഇതായിരുന്നു. ക്രെഡിറ്റ് കാർഡ് വായ്പകൾ മാത്രം ആകെ 2.17 ലക്ഷം കോടിയോളം രൂപയാണ്. ഈടില്ലാത്ത വ്യക്തിഗത വായ്പകൾ ആകെ 12 ലക്ഷം കോടിയിലേറെ വരും. മൊത്തത്തിലുള്ള വായ്പാ വളർച്ച 12–14% വരെയായിരിക്കുമ്പോഴാണ് വ്യക്തിഗത വായ്പകൾ 23% വളർച്ച രേഖപ്പെടുത്തിയത്.
ക്രെഡിറ്റ് കാർഡ് വായ്പകളുടെ വളർച്ച കഴിഞ്ഞ വർഷം 26.8 ശതമാനമായിരുന്നതാണ് ഇത്തവണ 30 ശതമാനമായത്.