ഇലക്ട്രിക് വിപണി ലക്ഷ്യമിട്ട് വിന്‍ഫാസ്റ്റ്; VF MPV7 ഇന്ത്യയിലേക്ക്

വിയറ്റ്‌നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നു. പുതിയ 7 സീറ്റര്‍ ഇലക്ട്രിക് എംപിവിയായ VF MPV7യുടെ ടീസര്‍ ചിത്രം കമ്പനി പുറത്തിറക്കി. ഇതോടെ ഈ മോഡല്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തുമെന്ന സൂചനയും ലഭിച്ചു. വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ വാഹനമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതിനുമുമ്പ് VF6, VF7 എന്ന ഇലക്ട്രിക് എസ്‌യുവികളാണ് കമ്പനി അവതരിപ്പിച്ചിരുന്നത്. ഇനി വലിയ എംപിവി കൂടി വരുന്നതോടെ മോഡല്‍ നിരയില്‍ കൂടുതല്‍ വൈവിധ്യം കൈവരും. വിന്‍ഫാസ്റ്റിന്റെ ലിമോ ഗ്രീന്‍ മോഡലിനോട് സാമ്യമുള്ള വലിപ്പവും സീറ്റിംഗ് ശേഷിയുമുള്ള ഈ വാഹനം, വാണിജ്യ ഉപയോഗത്തിനുപകരം സാധാരണ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ലെതറെറ്റ് സീറ്റുകള്‍, ഇന്‍റഗ്രേറ്റഡ് ലൈറ്റിംഗ്, കീലെസ് എന്‍ട്രി, 19 ഇഞ്ച് വീലുകള്‍ എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുകള്‍ ഇതില്‍ പ്രതീക്ഷിക്കാം.ഡിസൈന്‍ കാര്യത്തില്‍ വിന്‍ഫാസ്റ്റിന്റെ പ്രത്യേക ശൈലി തന്നെ VF MPV7ലും തുടരും. സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും കണക്റ്റഡ് ടെയില്‍ ലൈറ്റുകളും ഇതിന്റെ പ്രത്യേകതയായിരിക്കും. ഇന്റീരിയറില്‍ 10.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, USB-A, USB-C ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് എന്നിവ ഉള്‍പ്പെടും.

സാങ്കേതിക വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏകദേശം 60.1 കിലോവാട്ട് ബാറ്ററിയും ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമാണ് പ്രതീക്ഷിക്കുന്നത്. 150 ബിഎച്ച്പി പവര്‍, 280 എന്‍എം ടോര്‍ക്ക് എന്നിവ നല്‍കുന്ന സംവിധാനമാകാം ഇത്. വിവിധ ഡ്രൈവ് മോഡുകളും റീജനറേറ്റീവ് ബ്രേക്കിംഗും ഉണ്ടായിരിക്കും. 0 മുതല്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 10 സെക്കന്‍ഡില്‍ താഴെ സമയം മതിയാകുമെന്ന് കരുതുന്നു.ഏകദേശം 20 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ കമ്പനി പുറത്തുവിടുമെന്നാണ് സൂചന.