ഇന്ത്യ–പശ്ചിമേഷ്യ–യൂറോപ്പ് ഇടനാഴി;ജി20 സമ്മേളനത്തിൽ ധാരണ

ജി20 സമ്മേളനത്തിനിടയിൽ ഇന്ത്യയും യുഎസും സൗദി അറേബ്യയും യുഎഇയും യൂറോപ്യൻ യൂണിയനും ചേർന്നാണ് ഈ ശൃംഖല വിപുലമായി പുനർജനിപ്പിക്കുന്ന ധാരണ പ്രഖ്യാപിച്ചത്. 

പഴയ ശൃംഖലയെ വികസിപ്പിച്ച് വിപുലമാക്കിയെടുത്താൽ ചൈനയുടെ ബെൽറ്റ് റോഡ് വാണിജ്യശൃംഖലയുടെ യൂറേഷ്യൻ കരത്തിന് വെല്ലുവിളിയെന്നോണം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്ന ബോധ്യമാണിപ്പോൾ ഇന്ത്യ–പശ്ചിമേഷ്യ–യൂറോപ്പ് ഇടനാഴിയുടെ പുനർജനിക്കു കാരണമായത്. ഇന്ത്യയിൽനിന്നു കപ്പൽ മാർഗം ചരക്കുകൾ ഇസ്രയേലിലെ മെഡിറ്ററേനിയൻ തീരത്തെ ഹൈഫ തുറമുഖത്തും (ഹൈഫ തുറമുഖത്തിന്റെ ഒരു ഭാഗം അദാനി ഗ്രൂപ്പാണ് നിയന്ത്രിക്കുന്നത്) ഗൾഫ് രാജ്യങ്ങളിലും എത്തിച്ച് അവിടെനിന്നു യൂറോപ്പിലേക്കു റെയിൽമാർഗം എത്തിക്കാനാകും. 

അടുത്തകാലത്ത് രൂപപ്പെട്ട ഐ2യു2 (ഇന്ത്യ, ഇസ്രയേൽ, യുഎസ്, യുഎഇ) ഫോറത്തിലാണു പദ്ധതി വിശദമായി ചർച്ച ചെയ്യപ്പെട്ടത്. സുഹൃത്തുക്കളും പരസ്പരവൈരികളുമായ ഇസ്രയേലിനെയും സൗദി അറേബ്യയെയും ഒരുമിച്ചുകൊണ്ടുവരാമെന്നതിലാണ് യുഎസിന്റെ താൽപര്യം.

പശ്ചിമേഷ്യയിലെയും സമീപപ്രദേശങ്ങളിലെയും രാജ്യങ്ങൾ റെയിൽ നിർമാണവും പുനർനിർമാണവും തുടങ്ങിക്കഴിഞ്ഞു. ഹൈഫയിൽനിന്ന് അറേബ്യൻ ഉപഭൂഖണ്ഡത്തിലേക്കും ജോർദാനിലേക്കും ഇറാനിൽനിന്നു തെക്കേ ഇറാഖിലേക്കും തുർക്കിയിലേക്കും ഈജിപ്തിൽ നിന്നു സുഡാനിലേക്കും ലിബിയയിലേക്കും റെയിൽപാതകളും റോഡുകളും പുരോഗമിക്കുകയാണ്.