ഇന്ത്യൻ രൂപ തകർച്ച: ഡോളറിനെതിരെ ആദ്യമായി 90 കടന്നു

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 90 എന്ന മാനദണ്ഡം കടന്നിരിക്കുകയാണ്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ രൂപ 9 പൈസ ഇടിഞ്ഞ് 90.05 എന്ന റെക്കോർഡ് താഴ്ന്ന നിരക്കിലെത്തി. ഇന്ത്യ–അമേരിക്ക വ്യാപാര കരാറിൽ ഇതുവരെ വ്യക്തമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നത് രൂപയ്ക്ക് അധിക സമ്മർദ്ദമായി.ഡോളറിനെതിരെ 89.91-ൽ വ്യാപാരം ആരംഭിച്ച രൂപ ഉടൻ തന്നെ 90.05 എന്ന താഴ്ന്ന നിരക്കിലേക്ക് വഴുതി വീണു. വിദേശ നിക്ഷേപകരുടെ പിൻവലിയൽ, ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം എന്നീ ഘടകങ്ങളാണ് രൂപയുടെ മൂല്യം തളർത്തിയ പ്രധാന കാരണങ്ങൾ. അതോടൊപ്പം തന്നെ, അന്താരാഷ്ട്ര വിപണിയിൽ ലോഹങ്ങളുടെ വില കുത്തനെ ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതിഭാരത്തെ വർദ്ധിപ്പിച്ച് സാമ്പത്തിക സമ്മർദ്ദം കൂട്ടി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ ഇടപെടാതിരുന്നതും രൂപയുടെ വേഗത്തിലുള്ള മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.