ആശുപത്രി മുറിക്ക് 12,000 രൂപ; നക്ഷത്ര ഹോട്ടലിൽ 4,500 മാത്രം: അമിത നിരക്കുകൾക്ക് പൂട്ടിടാൻ ശുപാർശ

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ നിരക്കുകൾ നിയന്ത്രിക്കാൻ നിർണായക നിർദേശങ്ങളുമായി പാർലമെന്ററി സമിതി. ആശുപത്രി മുറികളുടെ വാടകയ്ക്ക് അടിയന്തരമായി നിയന്ത്രണം ഏർപ്പെടുത്തണമെന്നും ബില്ലിങ്ങിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണമെന്നും ആരോഗ്യ, കുടുംബക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തു.രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് ചികിത്സയ്ക്കുള്ള നിരക്കുകൾ വ്യക്തമാക്കണം. പല സ്വകാര്യ ആശുപത്രികളും ചികിത്സയ്ക്ക് ഉയർന്ന നിരക്കുകൾ ഈടാക്കുന്നത് ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതുവഴി രോഗികൾക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിലും കാലതാമസമുണ്ടാകാം.ഇത്തരം പരാതികൾ വേഗത്തിൽ പരിഹരിക്കാൻ അതിവേഗ ഓംബുഡ്സ്മാൻ സംവിധാനവും വേണമെന്നാണ് സമിതിയുടെ നിർദേശം.

ത്രീ സ്റ്റാർ ഹോട്ടലിനേക്കാൾ കൂടരുത്

രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ മുറിവാടക ഈടാക്കുന്നത് പല രീതിയിലാണെന്ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരേ പ്രദേശത്തെ ആശുപത്രികളിൽ പോലും വലിയ നിരക്ക് വ്യത്യാസമുണ്ട്.ആശുപത്രി മുറികളുടെ വാടക സമീപത്തുള്ള ത്രീ സ്റ്റാർ ഹോട്ടലുകളിലെ മുറിവാടകയേക്കാൾ കൂടുതലാകരുതെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. പ്രത്യേകിച്ച് മെട്രോപൊളിറ്റൻ നഗരങ്ങളിലെ ആശുപത്രികളിൽ ഇത് അടിയന്തരമായി നടപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.അതേസമയം, ഡോക്ടർ, നഴ്സിങ്, ഭക്ഷണം, ലോൺഡ്രി തുടങ്ങിയ സേവനങ്ങളുടെ ചെലവ് ആശുപത്രികൾക്ക് പ്രത്യേകം ഈടാക്കാം.

ആശുപത്രിയിൽ മുറിക്ക് 12,000; ഹോട്ടലിൽ 4,500

രാജ്യത്തെ വിവിധ നഗരങ്ങളിൽ ഹോട്ടൽ മുറികളേക്കാൾ ഉയർന്ന നിരക്കാണ് ആശുപത്രികൾ മുറികൾക്ക് ഈടാക്കുന്നതെന്ന് സമിതി കണ്ടെത്തി.മുംബൈയിലെ ഒരു പ്രമുഖ ആശുപത്രിയിൽ സിംഗിൾ റൂമിന് 6,000 മുതൽ 12,000 രൂപ വരെയാണ് നിരക്ക്. അതേസമയം, ഇതേ മേഖലയിലെ ത്രീ സ്റ്റാർ ഹോട്ടലിൽ 2,500 മുതൽ 4,500 രൂപ വരെ നൽകിയാൽ മുറി ലഭിക്കുമെന്നാണ് റിപ്പോർട്ടിലെ ഉദാഹരണം.ആരോഗ്യ മേഖലയിലെ വാർഷിക പണപ്പെരുപ്പം 10 മുതൽ 13 ശതമാനം വരെയെത്തിയതും രോഗികളെയും ഇൻഷുറൻസ് കമ്പനികളെയും ഒരുപോലെ സമ്മർദത്തിലാക്കുന്നതായി സമിതി ചൂണ്ടിക്കാട്ടി.

ചികിത്സാ നിരക്കിലും വലിയ അന്തരം

സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്കുള്ള ചെലവിൽ വലിയ വ്യത്യാസമുണ്ടെന്നും റിപ്പോർട്ട് പറയുന്നു.സർക്കാർ ആശുപത്രിയിലെ ശരാശരി ആശുപത്രിവാസത്തിന് 6,631 രൂപയാണ് ചെലവ്. ഇതേ ചെലവ് സ്വകാര്യ ആശുപത്രികളിൽ ശരാശരി 50,508 രൂപയായി ഉയരുന്നു.ശസ്ത്രക്രിയ, സർജന്റെ ഫീസ്, രോഗനിർണയം, ശസ്ത്രക്രിയയ്ക്കുശേഷമുള്ള ചികിത്സ തുടങ്ങിയവയുടെ നിരക്കുകൾ ഏകീകരിക്കുകയും അവ രോഗികൾക്ക് മുൻകൂട്ടി പ്രസിദ്ധീകരിക്കുകയും വേണമെന്നാണ് സമിതിയുടെ നിർദേശം.സങ്കീർണവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ചികിത്സ ആരംഭിക്കുന്നതിന് മുൻപ് പ്രതീക്ഷിക്കുന്ന ചെലവിന്റെ വിശദമായ റിപ്പോർട്ട് ആശുപത്രി രോഗിക്ക് നൽകണമെന്നും ശുപാർശയുണ്ട്.

സർക്കാർ ആശുപത്രികളിൽ നിക്ഷേപം കൂട്ടണം

സ്വകാര്യ ആശുപത്രികളെ അമിതമായി ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാൻ സർക്കാർ ആശുപത്രികളിലും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലും കൂടുതൽ നിക്ഷേപം നടത്തണമെന്നും സമിതി നിർദേശിച്ചു.ഈ ശുപാർശകൾ കേന്ദ്രസർക്കാർ അംഗീകരിച്ച് നടപ്പാക്കിയാൽ ചികിത്സാ ചെലവിൽ വലിയ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ആശുപത്രി ഓഹരികൾക്ക് തിരിച്ചടി

എന്നാൽ നിർദേശങ്ങൾ നടപ്പിലായാൽ ആശുപത്രി കമ്പനികളുടെ പ്രവർത്തന ലാഭത്തെ ബാധിച്ചേക്കുമെന്ന ആശങ്ക വിപണിയിലുണ്ടായി. ഇതിന്റെ പ്രതിഫലനം ആശുപത്രി കമ്പനികളുടെ ഓഹരികളിലും പ്രകടമായി.
അപ്പോളോ ഹോസ്പിറ്റൽസ്, മാക്സ് ഹെൽത്ത്‌കെയർ, ഫോർട്ടിസ് ഹെൽത്ത്‌കെയർ തുടങ്ങിയ ആശുപത്രി കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പാർലമെന്ററി സമിതിയുടെ ശുപാർശകൾക്ക് പുറമെ വിപണിയിലെ പൊതുവായ ദുർബലാവസ്ഥയും ഓഹരികൾക്ക് തിരിച്ചടിയായി.