ആദ്യ നാല് ദിനങ്ങളില്‍ 160 കോടി നേടി ‘വേട്ടയ്യന്‍’ കുതിപ്പ് തുടരുന്നു

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത മികച്ച ഓപണിംഗ് ലഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി പിന്നിട്ടിരുന്നു. രജനി ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം വാരാന്ത്യ ദിനങ്ങളില്‍ 60 ശതമാനം തിയറ്റര്‍ ഒക്കുപ്പന്‍സിയും നേടിയിരുന്നു. ഇപ്പോഴിതാ ഞായറാഴ്ച അവസാനിച്ച നാല് ദിവസം നീണ്ട ഓപണിംഗ് വീക്കെന്‍ഡ് കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് 160 കോടിക്ക് അടുത്താണ് ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത്. ഇതില്‍ 65 കോടിക്ക് മുകളില്‍ എത്തിയിരിക്കുന്നത് തമിഴ്നാട്ടില്‍ നിന്ന് മാത്രമാണ്. ഈ വര്‍ഷം തമിഴില്‍ നിന്നെത്തിയ ഒട്ടധികം ചിത്രങ്ങളുടെ കളക്ഷനെ വേട്ടയ്യന്‍ ഇതുവരെ പിന്നിലാക്കിയിട്ടുണ്ട്. വിജയ് ചിത്രം ഗോട്ട്, ധനുഷിന്‍റെ രായന്‍ എന്നിവ മാത്രമാണ് 2024 തമിഴ് റിലീസുകളില്‍ നിലവില്‍ വേട്ടയന് മുന്നിലുള്ളത്. ഇതില്‍ ഇന്നത്തെ കളക്ഷനോടെ രായനേക്കാള്‍ മുന്നിലെത്തും രജനി ചിത്രം എന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കമല്‍ ഹാസന്‍റെ പരാജയ ചിത്രം ഇന്ത്യന്‍ 2 ഉള്‍പ്പെടെ ഇതിനകം പിന്നിലായിട്ടുണ്ട്. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ അടങ്ങുന്ന വലിയ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.