ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമ തീയതി കേന്ദ്ര സർക്കാർ നീട്ടി.

ആദായ നികുതിദായകർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ആശ്വാസം പകർന്ന് നടപ്പു അസസ്മെന്റ് വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമ തീയതി കേന്ദ്ര സർക്കാർ നീട്ടി. ജൂലൈ 31 ആണ് സാധാരണ ഓരോ വർഷവും ഐടിആർ സമർപ്പിക്കേണ്ട അവസാന തീയതി. ഇക്കുറി സെപ്റ്റംബർ 15ലേക്കാണ് അന്തിമതീയതി നീട്ടിയതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

ആദായനികുതി റിട്ടേൺ സമർപ്പണം ലളിതവും കൃത്യവും സുതാര്യവുമാക്കാനായി ഐടിആർ ഫോമുകളിലും ചട്ടങ്ങളിലും അടുത്തിടെ ധനമന്ത്രാലയം മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ, റിട്ടേൺ സമർപ്പിക്കേണ്ട സിസ്റ്റത്തിൽ ഇതിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാനും ഐടിആർ യൂട്ടിലിറ്റികൾ സജ്ജമാക്കാനുമുണ്ട് . മേയ് 31 ആണ് ടിഡിഎസ് വിവരങ്ങൾ സമർപ്പിക്കേണ്ടിയിരുന്ന അന്തിമ തീയതി. ഈ വിവരങ്ങൾ ജൂണോടെ സിസ്റ്റത്തിൽ വരികയും വേണം. ഇതിനുള്ള സിസ്റ്റം അപ്ഡേറ്റിങ്ങും നടക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് ഐടിആർ ഫയലിങ്ങിനുള്ള അന്തിമ തീയതി നീട്ടുന്നതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് വ്യക്തമാക്കി.